ശ്രീനഗർ: ജമ്മുവിൽ നിന്ന് കാണാതായ വില്ലേജ് ഡിഫൻസ് ഗാർഡുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായി 24 മണിക്കൂറിന് ശേഷം കിഷ്ത്വാർ ജില്ലയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. കാലികളെ മേയ്‌ക്കാൻ പോയ ഒഹ്ലി -കുന്ത്വര സ്വദേശികളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരെയും കൊലപ്പെടുത്തിയെന്ന ജയ്ഷെ മുഹമ്മദ് ഭീകരസംഘം അവകാശപ്പെട്ടതിന് പിന്നാലെയാണ് തിരച്ചിൽ ആരംഭിച്ചത്. രാവിലെ കാലികളെ മേയ്‌ക്കാൻ പോകുന്നതിനിടെയാണ് ഇരുവരെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. ഭീകരർക്കായുള്ള തിരച്ചിൽ പുരേഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
വില്ലേജ് ഡിഫൻസ് ഗാർഡുകളായി ചുമതലയേറ്റതിൽ പ്രകോപിതരായാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ജെയ്ഷെ മുഹമ്മദിന്റെ കീഴിലുള്ള കശ്മീർ ടൈഗേഴ്സ് അറിയിച്ചിരുന്നു. വിഡിജിയുടെ ഭാഗമാകുന്നവർക്ക് ഇത് തന്നെയാകും വിധിയെന്നും ഭീകരസംഘടന അറിയിച്ചിരുന്നു. കണ്ണ് മൂടിക്കെട്ടിയ രണ്ട് പേരുടെ ചിത്രവും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസും സുരക്ഷാ സേനയും തെരച്ചിൽ ആരംഭിച്ചത്.















