റിയാദ്: സൗദി അറേബ്യയിൽ റോഡപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇന്റർ സെക്ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് റോഡപകട മരണങ്ങൾ കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 11 ലധികം കേന്ദ്രങ്ങൾ സ്ഥാപിക്കുകയും 1100 ലധികം കിലോമീറ്ററിലധികം പാതകളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും ഉൾറോഡുകളിൽ വരെ ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളും ക്യാമറകളും സ്ഥാപിക്കുകയും ചെയ്തതോടെ അപകട ഡ്രൈവിംഗിന് നിയന്ത്രണമായിരുന്നു. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ അത്യാധുനീക ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് നിയമലംഘനങ്ങൾ കുറഞ്ഞത്.
2016 ൽ ഒരു ലക്ഷം പേരിൽ 28.8 ശരാശരിയിൽ അപകടമരണങ്ങൾ സംഭവിച്ചിരുന്നെങ്കിൽ 2023 ൽ അത് 13 കേസുകളായി കുറഞ്ഞു. 2024 ലെ ആദ്യ 9 മാസങ്ങളിൽ 2023 നെ അപേക്ഷിച്ചു റോഡപകട മരണങ്ങൾ 25.9% ആയി കുറഞ്ഞതായും ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.
ട്രാഫിക് സുരക്ഷയെക്കുറിച്ച് പൊതുസമൂഹത്തിനും വാഹന ഡ്രൈവർമാർക്കും അവബോധം വളർത്തുന്നതിനുള്ള സൗദി വിഷൻ 2030 ന്റെ സംരംഭങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാൻ ആഭ്യന്തര മന്ത്രാലയം ശ്രമം ഊർജ്ജിതമാക്കിക്കഴിഞ്ഞു.