മലപ്പുറം: കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബ് തിരിച്ചെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക സംഘർഷങ്ങളെ തുടർന്നാണ് മാറി നിന്നതെന്ന് ചാലിബ് പറഞ്ഞു.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ചാലിബിനെ കാണാതായത്. വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വീട്ടിൽ എത്താൻ വൈകുമെന്ന് ഇദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞും ചാലിബ് വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ചാലിബ്, ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടത്.
മാനസിക പ്രയാസങ്ങൾ കാരണം വീടുവിട്ടു നിന്നാണെന്നും കർണാടകയിലാണെന്നും ഇയാൾ ഭാര്യയോട് പറഞ്ഞു. വൈകാതെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. രാത്രി മലപ്പുറത്തെ വീട്ടിലെത്തിയ ചാലിബിനെ തുടർ നടപടി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം കേസ് അവസാനിപ്പിച്ച് വിട്ടയക്കുമെന്നും പൊലീസ് പറഞ്ഞു.















