പത്തനംതിട്ട: തഹസിൽദാർ പദവിയിൽ നിന്ന് മാറ്റം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന് അപേക്ഷ നൽകിയതായി മഞ്ജുഷ അറിയിച്ചു. ഗൗരവമേറിയതും ഉത്തരവാദപ്പെട്ടതുമായ ജോലിയാണത്. എന്നാൽ സമാധാനത്തോടെ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലൂടെയല്ല താൻ കടന്നുപോകുന്നതെന്ന് മഞ്ജുഷ പറഞ്ഞു.
കോന്നി തഹസിൽദാരാണ് മഞ്ജുഷ. ഈ പദവിയിൽ നിന്നും കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നിലവിൽ അവധിയിലാണെന്നും ഇത് കഴിഞ്ഞ് ഡിസംബറിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
അതേസമയം പി പി ദിവ്യക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും മഞ്ജുഷ പറഞ്ഞു. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. എസ്‌ഐടിയുടെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഹൈക്കോടിയിൽ അറിയിക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചിരുന്നു.
ഇന്നലെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പി പി ദിവ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്ത്രീയെന്ന പരിഗണനയിലായിരുന്നു ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാനായി സിപിഎം നേതാക്കൾ എത്തിയിതും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു.















