കാലടി: മാതൃഭാഷാ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ സ്മാരക പുരസ്‌കാരം സി കെ ജാനുവിന്. വൈസ് ചാൻസർ പ്രൊഫ.കെ.കെ ഗീതാകുമാരിയാണ് ഇക്കാര്യം അറിയിച്ചത്. 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. ഈ മാസം 14ന് സർവ്വകലാശാലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
രജിസ്ട്രാർ ഡോ. മോത്തി ജോർജ്, കൺവീനറും ഡോ. സുനിൽ. പി. ഇളയിടം, ഡോ. കെ.ആർ. സജിത, ഡോ. എം.സി. അബ്ദുൾനാസർ, ഡോ. ബിച്ചു എക്‌സ്. മലയിൽ എന്നിവർ ഉൾപ്പെട്ട പുരസ്‌കാര സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തിലെ ആദിവാസി, ഗോത്ര സമൂഹങ്ങളുടെ അനുഭവലോകത്തെ ഭാഷയിലേക്ക് ഉൾച്ചേർക്കുന്നതാണ് ജാനുവിന്റെ ആത്മകഥകൾ എന്ന് പുരസ്‌കാര സമിതി നിരീക്ഷിച്ചു.