വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 7 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. ദുരിതബാധിതർക്ക് പഴകിയ ഭക്ഷണ വസ്തുക്കൾ അടങ്ങിയ കിറ്റ് നൽകിയതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. കിറ്റിലുണ്ടായിരുന്ന സോയാബീൻ, കറി ഉണ്ടാക്കാൻ ഉപയോഗിച്ചതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇത് കഴിച്ച ശേഷം ഉച്ചയോടെ കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും വൈകിട്ടോടെ ഛർദ്ദിക്കുകയുമായിരുന്നു.
തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റ് ലഭിച്ച മറ്റ് കുടുംബങ്ങളിലെ രണ്ട് പേർക്കും ഭക്ഷ്യവിഷബാധയേറ്റതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ സർക്കാരിനെതിരെയും മേപ്പാടി പഞ്ചായത്ത് അധികൃതർക്കെതിരെയും പ്രതിഷേധങ്ങൾ ഉയർന്നു.
ദുരിതബാധിതർക്ക് പഴകിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് തുറന്നടിച്ചു. പഴകിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തതിൽ വിജിലൻസ് അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.