മനുഷ്യരേക്കാൾ ഭേദമാണ് മൃഗങ്ങൾ എന്ന് ചിലർ അർത്ഥവത്തായി പറയാറുണ്ട് . അത് സത്യമാണെന്ന് തെളിയിക്കുന്ന സംഭവമാണ് മദ്ധ്യപ്രദേശിലെ ഇൻ ഡോറിൽ ഉണ്ടായിരിക്കുന്നത് . തട്ടിക്കൊണ്ടുപോയ 10 വയസുകാരിയെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത് എല്ലാരും ആട്ടിയോടിക്കുന്ന തെരുവ് നായ്‌ക്കളാണ്.
തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്, പെൺകുട്ടിയുടെ പിതാവ് കടയിൽ പോകുകയും അമ്മ വീടിന്റെ മുകൾ നിലയിലേയ്‌ക്ക് പോകുകയും ചെയ്തപ്പോഴാണ് വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത് .
അക്രമികൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന തെരുവ് നായ്‌ക്കൾ കുരച്ച് കൊണ്ട് എത്തുകയും തട്ടിക്കൊണ്ടുപോയവരെ ആക്രമിക്കുകയായിരുന്നു. അക്രമികൾ ഭയന്ന് ബൈക്കിൽ നിന്ന് വീണതോടെ പെൺകുട്ടി രക്ഷപ്പെട്ട് ക്ഷേത്രത്തിലേക്ക് ഓടി. നായ്‌ക്കളുടെ കുര കേട്ട് ഓടിയെത്തിയ നാട്ടുകാർ പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ബെറ്റ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.















