വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം വാഴയുടെ രണ്ടാം ഭാഗം വരുന്നു. വാഴയുടെ വിജയാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഗോകുലം പാർക്കിൽ നടന്ന പരിപാടിയിലാണ് രണ്ടാം ഭാഗത്തിനെ കുറിച്ച് വിപിൻ ദാസ് അറിയിച്ചത്. വാഴ-ബയോപിക് ഓഫ് എ ബില്യൺ ബോയ്സ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. അടുത്ത വർഷം ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ആദ്യ ഭാഗത്തിലുണ്ടായിരുന്നവർ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയി, വിനായക്, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നോബി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സാവിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വാഴയെ പ്രേക്ഷകർ ഏറ്റെടുത്തതിന് വളരെയധികം സന്തോഷമുണ്ടെന്നും സുഹൃത്തുക്കൾ ചേർന്നൊരുക്കിയ സിനിമയാണ് വാഴയെന്നും വിപിൻ ദാസ് പറഞ്ഞു. ഗുരുവായൂരമ്പല നടയിൽ ചെയ്യുന്നതിന്റെ ഇടയ്‌ക്കാണ് വാഴ ചെയ്തത്. അതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ചിത്രം വിചാരിച്ചതിനേക്കാൾ കൂടുതൽ മനോഹരമാക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിപിൻ ദാസ് പറഞ്ഞു.















