പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്പിക്ക് പരാതി നൽകുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ആരോ ഹാക്ക് ചെയ്തതാണ്. സാങ്കേതികമായി നുഴഞ്ഞുകയറാൻ കഴിയുന്ന ആളുകളെ ഉപയോഗിച്ച് നുഴഞ്ഞുകയറിയതാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
എസ്പിക്ക് പരാതി നൽകും. മറ്റ് നിയമനടപടികളും സ്വീകരിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ജില്ലാ കമ്മിറ്റിയിൽ നിന്ന് അഭിപ്രായം വന്നുവെന്ന് രാഹുൽ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നതല്ല. വ്യാജ ഐഡി കാർഡ് ഉണ്ടാക്കുന്ന ആളാണ് രാഹുലും കൂടെയുളളവരും. ഇതിൽ വൈദഗ്ധ്യം ഉളള ആളുകളാണ്. രാഹുലിന്റെ കൂടെയുളളവരെല്ലാം ഇത്തരം പണികൾ ചെയ്യുന്നവരാണെന്നും കെപി ഉദയഭാനു പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ രാഹുലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അബദ്ധം മനസിലായതോടെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. വീഡിയോ അപ് ലോഡ് ചെയ്തതിൽ പിശക് പറ്റിയതാണോ എന്ന ചോദ്യത്തിന് അതും പരിശോധിക്കുമെന്ന് ആയിരുന്നു കെപി ഉദയഭാനുവിന്റെ മറുപടി.
പാലക്കാട് എന്ന സ്‌നേഹവിസ്മയം എന്ന ക്യാപ്ഷനോടെയുളള രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോയാണ് സിപിഎം എഫ്ബി പേജിൽ പ്രത്യക്ഷപ്പെട്ടത്. പ്രചാരണത്തിനിടെ ഒരു വീട്ടിലെത്തി വോട്ട് തേടുന്ന വീഡിയോയായിരുന്നു ഇത്. സംഭവം സിപിഎമ്മിന് വലിയ നാണക്കേടായി മാറിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വദേശം കൂടിയാണ് പത്തനംതിട്ട.















