മുനമ്പം : കോൺഗ്രസിനും ഇടതുപക്ഷത്തിനും മുന്നറിയിപ്പുമായി സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികൾക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.മുനമ്പം സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിൽ ഏത് അതിർത്തി വരെ പോകേണ്ടി വന്നാലും ഒപ്പമുണ്ടാകും എന്നദ്ദേഹം മുനമ്പത്തെ വഖ്ഫ് ഇരകൾക്ക് ഉറപ്പു നൽകി.
“രാഷ്‌ട്രീയ കക്ഷികളെ ഇപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. പ്രത്യേകിച്ച് നിങ്ങളുടെ ഒരു പ്രതിസന്ധിയിൽ ,ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരുടെ പ്രശ്നം ഒരു പക്ഷെ രാഷ്‌ട്രീയപ്പാർട്ടിക്കൾക്ക് ഒരു പ്രശ്നമാകുന്നത് അടുത്ത തെരഞ്ഞെടുപ്പിലാണ്.പക്ഷെ നമ്മുടെ ഓട് വലിയ പ്രത്യേകത നമ്മൾ ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് കണക്ക് ചോദിയ്‌ക്കാൻ വിവേകവും ബുദ്ധിയുമുള്ള ഒരു ജനതയാണ്. അതുകൊണ്ട് തന്നെ വോട്ടു ചെയ്യാനായിട്ട് നിങ്ങളുടെ കയ്യിൽ ബാലറ്റ് പേപ്പർ കിട്ടുമ്പോൾ നമ്മൾ പരിചിതമായിട്ടുള്ള നമുക്ക് എന്നും വോട്ടു ചെയ്തു പരിചയമുള്ള കക്ഷികൾക്ക് ചെയ്യണമെന്ന് ഇത്തവണ നിർബന്ധം പിയ്‌ക്കരുത്.മരിച്ചു ചെയ്യാൻ ഞങ്ങൾക്കറിയാമെന്ന് നിങ്ങൾ തെളിയിക്കണം” സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു
‘‘സഭയെന്നതിനേക്കാൾ ഇത് മനുഷ്യരുടെ പ്രശ്നമാണ്. ജനാധിപത്യമൂല്യങ്ങൾക്ക് അടിസ്ഥാനമായി പ്രശ്നം പരിഹരിക്കണം. ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ട്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണം.’’– മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.
നിരാഹാര സമരത്തിന്റെ 28-ാം നാളാണ് സിറോ മലബാർ സഭ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയത്.















