ദാവൺഗരെ: ഹുബ്ബള്ളിക്കും വിജയപുരക്കും പിന്നാലെ കർണാടകയുടെ ഹൃദയഭാഗമായ ദാവൺഗരെയിലും വഖ്ഫിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞു.
ദാവൺഗരെ നഗരത്തിലെ പ്രിൻസ് ജയചാമരാജേന്ദ്ര (പിജെ) ലേഔട്ടിലെ നാലരയേക്കർ ഭൂമി ‘ഖബ്രസ്ഥാൻ, സുന്നി വഖഫ് സ്ഥാപനം’ എന്ന പേരിൽ റജിസ്‌ട്രേഷൻ നടത്തിയതായി ആരോപണം. 2015-ലാണ് രേഖകളിൽ തിരുത്തൽ വരുത്തിയിരിക്കുന്നത്. തങ്ങളുടെ അറിവില്ലാതെ രേഖകളിൽ നടത്തിയ ഈ മാറ്റത്തെക്കുറിച്ച് വസ്തു ഉടമകൾ ആശങ്കാകുലരാണ്.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ലേഔട്ട്, മൈസൂർ രാജാവ് ജയചാമരാജേന്ദ്രയുടെ ബഹുമാനാർത്ഥം അന്നത്തെ തദ്ദേശ സ്ഥാപനം 1950-ന് മുമ്പ് വികസിപ്പിച്ചതാണ്. ഇവിടെയുള്ള പ്ലോട്ടുകളും കെട്ടിടങ്ങളും ഉടമകളുടെ പേരിലാണ്.
എന്നാൽ ഇതിലെ സർവേ നമ്പരായ 53ൽ ഉള്ള നാലരയേക്കർ വഖഫ് ബോർഡിന്റെ പേരിലാണ് കാണിച്ചിരിക്കുന്നത്. ഈ റെക്കോർഡുകൾ കന്നഡ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആളുകൾക്ക് താമസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ദാവൺഗരെ നഗരത്തിൽ സർക്കാർ വികസിപ്പിച്ചെടുത്ത പഴയ ലേഔട്ടാണിത്. 80 വർഷത്തോളമായി ഇവിടെ താമസിക്കുന്നവർ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നികുതി അടയ്‌ക്കുകയാണ്. ഏകദേശം 9 വർഷം മുൻപ് റവന്യൂ രേഖകളിൽ വന്ന മാറ്റം ഇപ്പോഴാണ് താമസക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
2015 മാർച്ച് 10ന് ദാവണഗരെ തഹസിൽദാർ അക്കൗണ്ട് മാറ്റിയതായിട്ടാണ് രേഖകളിൽ കാണുന്നത്. രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളുടെ സംഘം ജില്ലാ കമ്മീഷണറുടെ ഓഫീസിലെത്തി. ഈ മാറ്റം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും ജില്ലാ ഭരണകൂടം പ്രതികരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജയചാമരാജേന്ദ്ര വാഡിയാർ മൈസൂർ നാട്ടുരാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്നു.















