കൊച്ചി: വഞ്ചനയുടെ പര്യായമാണ് എൻ. പ്രശാന്ത് ഐഎഎസ് എന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനയെ അവജ്ഞയോടെ തള്ളി പ്രശാന്ത്. “സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുണ്ടോ ബ്രോ” എന്ന കമന്റിന് കീഴെയാണ് മുൻ മന്ത്രിക്ക് പുല്ലുവില കൽപ്പിച്ച് പ്രശാന്ത് പ്രതികരണം നടത്തിയത്. Who is that?? (ആരാണത്) എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
തനിക്കെതിരെ ഉയർന്ന ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി ആരോപണത്തിന് പിന്നിൽ എൻ. പ്രശാന്ത് ഐഎഎസ് ആണെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രശാന്ത് നീക്കങ്ങൾ നടത്തിയതെന്നും തീരദേശ മണ്ഡലങ്ങളിലെ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിലാക്കാൻ വേണ്ടിയാണ് പ്രശാന്ത് പ്രവർത്തിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മേഴ്സിക്കുട്ടിയമ്മ ‘കടൽവിറ്റു’ എന്ന തരത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങളിലൂടെ യുഡിഎഫിനായി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് ഇപ്പോൾ വീണ്ടും വില്ലൻ റോളിൽ എത്തിയിരിക്കുകയാണെന്നും സാമാന്യ മര്യാദകൾ ലംഘിച്ചാണ് പ്രശാന്തിന്റെ പ്രവർത്തനങ്ങളെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരാമർശങ്ങളെയാണ് മറുപടി പോലും നൽകാതെ പ്രശാന്ത് തള്ളിയത്.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ എൻ. പ്രശാന്ത് രംഗത്തെത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എ. ജയതിലകിനെ ‘മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി’ എന്നുൾപ്പടെ പ്രശാന്ത് അഭിസംബോധന ചെയ്തിരുന്നു. പ്രശാന്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതോടെയാണ് ജയതിലകിനെ ട്രോളിയും പരിഹസിച്ചും അപഹസിച്ചും ഫെയ്സ്ബുക്കിൽ വിവിധ കുറിപ്പുകളെഴുതി പ്രശാന്ത് രംഗത്തുവന്നത്.















