ടെക്സസ്: ആവശ്യക്കാർക്ക് മുലപ്പാൽ ദാനം ചെയ്ത് സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചിരിക്കുകയാണ് യുഎസിലെ ടെക്സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീ. 2,645.58 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്തത്. 2014 ലെ തന്റെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചാണ് അലീസ വീണ്ടും ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. 2014 ൽ 1,569.79 ലിറ്റർ മുലപ്പാൽ സംഭാവന നൽകി അവർ വേൾഡ് റെക്കോർഡ് നേടിയിരുന്നു.
നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്കിന്റെ കണക്കനുസരിച്ച്, ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് സഹായിക്കും. അലീസ ദാനം ചെയ്ത മുലപ്പാലിലൂടെ 350,000-ലധികം കുഞ്ഞുങ്ങൾക്കാണ് പുതുജീവൻ ലഭിച്ചത്.
2010-ൽ തന്റെ മകൻ കൈലിന് ജന്മം നൽകിയപ്പോൾ മുതലാണ് അലീസ മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയത്. അവളുടെ മാമ്മറി ഗ്ലാന്റുകൾ പതിവിൽ നിന്ന് വിപരീതമായി വലിയ അളവിൽ പാൽ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് മുലപ്പാൽ ദാനം ചെയ്യുക എന്ന ആശയത്തിലേക്ക് അലീസ എത്തുന്നത്. കൈലിന് ശേഷം അലീസ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഈ അവസരങ്ങളിലും അവർ മുലപ്പാൽ ദാനം ചെയ്യുന്നത് തുടർന്നു.















