എൺപതുകളിലും തൊണ്ണൂറുകളിലും ആവേശത്തിന്റെ പരകോടിയിലെത്തിച്ച സൂപ്പർഹീറോ പരമ്പരയായ ശക്തിമാൻ വീണ്ടുമെത്തുന്നു. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ”അവൻ മടങ്ങിവരുന്നു” എന്ന അടിക്കുറിപ്പോടെ ടീസറും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ സൂപ്പർ ഗുരു – സൂപ്പർ ഹീറോ മടങ്ങിയെത്താനുള്ള സമയമായി. കുട്ടികളെ കീഴ്പ്പെടുത്തുന്ന തിന്മയേയും ഇരുട്ടിനെയും അകറ്റാൻ, പുതിയ പാഠങ്ങൾ പറഞ്ഞുനൽകാൻ, ഗുരു എത്തുന്നു, ഇന്നത്തെ തലമുറയ്‌ക്ക് വേണ്ടി.. അവനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യാം.. – ഇൻസ്റ്റഗ്രാമിൽ ടീസർ പങ്കുവച്ചുകൊണ്ട് മുകേഷ് ഖന്ന കുറിച്ചു.
View this post on Instagram
ദൂരദർശനിൽ 1977ൽ സംപ്രേഷണം ആരംഭിച്ച സൂപ്പർ ഹീറോ പരമ്പരയായിരുന്നു ശക്തിമാൻ. 2005 മാർച്ച് വരെ ഷോ സംപ്രേഷണം ചെയ്തിരുന്നു. നിർമാതാവ് മുകേഷ് ഖന്ന തന്നെയായിരുന്നു പ്രധാനകഥാപാത്രമായ ശക്തിമാനെ അവതരിപ്പിച്ചിരുന്നത്. ശക്തിമാൻ വീണ്ടുമെത്തുമ്പോൾ സിനിമയാണോ സീരീസാണോ സംപ്രേഷണം ചെയ്യാൻ പോകുന്നതെന്ന് വ്യക്തമല്ല. വിവരം അറിഞ്ഞതോടെ മുകേഷ് ഖന്നയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സന്തോഷം പങ്കുവച്ച് എത്തുന്നത്. 80-കളിലെയും 90-കളിലെയും കുട്ടികൾ ആസ്വദിച്ച് കണ്ടിരുന്ന ശക്തിമാൻ, ഡിജിറ്റൽ തലമുറയിലേക്ക് എത്തുമ്പോൾ ഇന്നത്തെ കുട്ടികൾക്കിടയിൽ തരംഗമാകുമോയെന്ന് കണ്ടറിയാം..