തന്റെ കരിയറിൽ ഏറ്റവും വിജയം നേടിയ ചിത്രമാണ് ഭൂൽ ഭുലയ്യയെന്ന് നടി വിദ്യ ബാലൻ. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അവാർഡുകളൊന്നും കിട്ടാത്തതിൽ തന്റെ കുടുംബത്തിന് സങ്കടമുണ്ടായിരുന്നെന്നും എന്നാൽ, ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ താൻ സന്തോഷവതിയാണെന്നും വിദ്യ ബാലൻ പറഞ്ഞു. ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്നതിനിടെ, സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭുമുഖത്തിലാണ് താരം മനസുതുറന്നത്.
എന്റെ അഭിനയ ജീവിതത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷത്തിലാണ് ഞാൻ ഭൂൽ ഭുലയ്യയിലെത്തിയത്. ചിത്രത്തിന് അവാർഡുകളൊന്നും കിട്ടാത്തതിൽ എന്റെ അച്ഛന് ഒരുപാട് വിഷമമുണ്ടായിരുന്നു. എനിക്ക് അതിൽ ഒരു സങ്കടവും തോന്നിയിട്ടില്ല. കാരണം, നാല് വർഷത്തിനുള്ളിൽ നാല് അവാർഡുകൾ എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.
ഭൂൽ ഭുലയ്യ-3 ഇത്രയധികം ഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ കഥ വായിക്കുമ്പോൾ, അനീസ് ഭായിയുടെ സംവിധാനത്തിൽ ചിത്രം കൂടുതൽ മനോഹരമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാൻ ഇടയ്‌ക്കിടയ്‌ക്ക് എന്റെ സിനിമകൾ കാണാറുണ്ട്. ഇന്ന് കോമഡി ചിത്രങ്ങൾക്ക് മാത്രമല്ല, സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമകൾക്കും ആസ്വാദകർ ഒരുപാടുണ്ട്. തനിക്ക് ആക്ഷൻ സിനിമകളോട് താത്പര്യമില്ലെന്നും വിദ്യ ബാലൻ പറഞ്ഞു.
2007-ലാണ് ഭൂൽ ഭുലയ്യ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിന്റെ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായ ഭൂൽ ഭുലയ്യ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. പിന്നീട് 2022-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മൂന്നാം ഭാഗം അനീസ് ബസ്‍മിയാണ് സംവിധാനം ചെയ്തത്. ഇതിനോടകം 150 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.















