ന്യൂഡൽഹി: എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ വിവാദപരാമർശത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ ജെ. മേഴ്സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമാണ് എൻ. പ്രശാന്ത് ഐഎഎസ് എന്ന് പറഞ്ഞ മുൻ മന്ത്രിക്ക് മറുപടി കൊടുക്കുന്നില്ലേയെന്ന് ചോദിച്ചപ്പോൾ അതിന് മേഴ്സിക്കുട്ടിയമ്മ ആരാണ് എന്ന് തിരിച്ചുചോദിച്ച എൻ. പ്രശാന്തിനോട് ഒന്നും പറയാനില്ലെന്നാണ് വനിതാ നേതാവ് പ്രതികരിച്ചത്. ഡൽഹിയിലെ മാദ്ധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.
പ്രശാന്ത് മറുപടി അർഹിക്കുന്നില്ല. പ്രശാന്തിന്റെ രീതികൾ സുതാര്യമല്ല. ഉദ്യോഗസ്ഥർ രാഷ്‌ട്രീയത്തിന് വിധേയമായി ചുരുങ്ങരുത്. സത്യസന്ധത തീരെയില്ലാത്ത ഉദ്യോഗസ്ഥനാണ് പ്രശാന്ത്. രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയ ആളാണ്. ആഴക്കടൽ മത്സ്യബന്ധന കരാറിൽ പ്രശാന്തിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിശ്വാസം. സ്വാഭാവികമായ കാലതാമസം മാത്രമാണ് അന്വേഷണത്തിലുള്ളത്. അക്കാദമിക മികവുള്ളതുകൊണ്ട് എന്തും പറയാമെന്ന ധാരണയാണ് പ്രശാന്തിനെന്നും മേഴ്സിക്കുട്ടിയമ്മ വിമർശിച്ചു.
തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിന് പിന്നിൽ എൻ. പ്രശാന്ത് ആണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ചെന്നിത്തലയുമായി പ്രശാന്ത് രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയെന്നും അതിന്റെ ഭാഗമായി തീരദേശ മണ്ഡലങ്ങളിലെ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിലാക്കാൻ വേണ്ടിയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി തനിക്കെതിരെ ആരോപിച്ചതെന്നും പ്രശാന്തിനെതിരെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വഞ്ചനയുടെ പര്യായമാണ് പ്രശാന്തെന്നും മുൻ മന്ത്രി വിമർശിച്ചു. ഇതോടെയാണ് “സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുണ്ടോ ബ്രോ” എന്ന കമന്റ് പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്നത്. എന്നാൽ കമന്റിന് കീഴെ പ്രശാന്ത് നൽകിയ മറുപടി അടുത്ത വിവാദത്തിന് തിരികൊളുത്തി. Who is that?? (ആരാണത്) എന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
ജെ. മേഴ്സിക്കുട്ടിയമ്മ ആരാണ് എന്ന് ചോദിച്ച പ്രശാന്ത് മറുപടി പോലും അർഹിക്കുന്നില്ലെന്നാണ് ഇപ്പോൾ മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരിക്കുന്നത്.















