ആരാധകരോട് പ്രത്യേക അഭ്യർത്ഥനയുമായി അതുല്യ പ്രതിഭ കമലഹാസൻ. ഒരു ചെല്ലപ്പേരും തനിക്ക് വേണ്ടതില്ലെന്നും മറ്റ് പേരുകളിൽ തന്നെ അഭിസംബോധന ചെയ്യരുതെന്നും മക്കൾ നീതി മയ്യം അദ്ധ്യക്ഷൻ കൂടിയായ കമലഹാസൻ ആവശ്യപ്പെട്ടു. ആരാധകരെയും മാദ്ധ്യമപ്രവർത്തകരെയും അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഉലകനായകൻ എന്ന പ്രയോഗം ഉൾപ്പടെ പല വിശേഷണങ്ങളും ആരാധകർ തനിക്ക് നൽകിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തെ അനാദരിക്കുന്നില്ല. ദയവായി ഇനി അത്തരം വിശേഷണങ്ങൾ വേണ്ട. – എന്നായിരുന്നു കമലഹാസന്റെ വാക്കുകൾ.
തന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. കലയ്‌ക്ക് മുകളിലേക്ക് കലാകാരനെ ഉയർത്തുന്നത് ശരിയല്ലെന്ന് താൻ വിശ്വസിക്കുന്നു. വർഷങ്ങളുടനീളം തനിക്ക് നൽകിയ അചഞ്ചലമായ പിന്തുണയ്‌ക്ക് ആരാധകരോട് നന്ദി പറയുന്നുവെന്നും കമൽഹാസൻ പറഞ്ഞു.
അടുത്തിടെ നടൻ അജിത്തും സമാനമായ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഒന്നുകിൽ AK അല്ലെങ്കിൽ അജിത് കുമാർ എന്ന് വിളിച്ചാൽ മതിയെന്നും ‘തല’ പ്രയോഗം ഇനി വേണ്ടെന്നുമാണ് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചത്.