ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ സിംഗപ്പൂരുമായി സഹകരിച്ച് പ്രവർത്തിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. സിംഗപ്പൂരിന്റെ സെമികണ്ടക്ടർ പ്ലാനിൽ അവരുടെ പ്രധാന പങ്കാളിയായി മുന്നോട്ട് പോകാനാണ് നോയൽ ടാറ്റയുടെ നേതൃത്വത്തിൽ ലക്ഷ്യമിടുന്നത്. സിംഗപ്പൂർ ആഭ്യന്തര മന്ത്രി കെ.ഷൺമുഖവും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് തീരുമാനം.
ടാറ്റ ഗ്രൂപ്പിന് ലോകത്തിലെ ഏത് രാജ്യവുമായി ചേർന്ന് ബിസിനസ് നടത്താമായിരുന്നുവെന്നും, എന്നാൽ സിംഗപ്പൂരിനെ പ്രധാന പങ്കാളിയായി അവർ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ഷൺമുഖം പറയുന്നു. ടാറ്റ സൺസുമായി ആഗോള തലത്തിൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ സെമികണ്ടക്ടർ ഉത്പാദനമേഖലയിൽ 20 ശതമാനവും സിംഗപ്പൂരിൽ നിന്നാണ്.
ടാറ്റ ഗ്രൂപ്പിന് കീഴിൽ 91,000 കോടി നിക്ഷേപത്തിൽ രാജ്യത്ത് രണ്ട് ഇടങ്ങളിൽ സെമികണ്ടക്ടർ പ്ലാന്റുകൾ സ്ഥാപിക്കാൻ ടാറ്റ പദ്ധതി ഇട്ടിട്ടുണ്ട്. ഗുജറാത്തിലെ ധോലേറയിലാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രധാന പ്ലാന്റ് സ്ഥാപിക്കുന്നത്. ഗുജറാത്തിന് പുറമെ അസമിലും പ്ലാന്റ് സ്ഥാപിക്കും. 27,000 കോടി രൂപ ഇവിടെ നിക്ഷേപിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതി ഇടുന്നത്. ഈ പദ്ധതികൾക്ക് വേണ്ടി തായ്‌വാനിലെ പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിങ് കോർപ്പറേഷനുമായി ടാറ്റ ഗ്രൂപ്പ് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.