ഇടുക്കി: സീപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിൽ വനംവകുപ്പിന് ആശങ്ക. ആനത്താരയുടെ ഭാഗമാണ് മാട്ടുപ്പെട്ടി ഡാം. ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങാറുണ്ട്. ഇവിടെ വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ആനകളുടെ സൈര്യവിഹാരത്തിന് പദ്ധതി തടസ്സമാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.
പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്‌ക്ക് ഓഫ് ചെയ്ത സിപ്ലെയിൻ ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി ലാന്‍ഡ് ചെയ്തു. ജനപ്രതിനിധികളും കെ.എസ്.ഇ.ബി, ഹൈഡല്‍ടൂറിസം ജീവനക്കാരും മാത്രമാണ് മാട്ടുപ്പെട്ടി ഡാമിലുണ്ടായത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
കരയിലും വെള്ളത്തിലും ഉപയോഗിക്കാൻ കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീപ്ലെയിനുകൾ. 60 കോടി മുതൽമുടക്കിലുള്ള എയർക്രാഫ്റ്റാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ഇരട്ടയെഞ്ചിനുള്ള 19 സീറ്റര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാന്‍ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത.















