മുമ്പ് ചെയ്ത സിനിമകൾ കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ടെന്ന് നടൻ നസ്‌ലിൻ. പഠിക്കുന്ന സമയത്ത് ഭയങ്കര നാണം കുണുങ്ങിയായിട്ടുള്ള ആളായിരുന്നു താനെന്നും സിനിമയിൽ വന്നതിന് ശേഷം അതൊക്കെ മാറ്റിയെടുത്തെന്നും നസ്‌ലിൻ പറഞ്ഞു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത അയാം കാതലൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നസ്‌ലിൻ തുറന്നുപറഞ്ഞത്.
ഞാൻ എപ്പോഴും എന്റെ കുറ്റങ്ങൾ മാത്രമാണ് കാണാറുള്ളത്. എന്റെ അഭിനയത്തെ കുറിച്ച് ഞാൻ വിലയിരുത്താറുണ്ട്. മുമ്പ് ചെയ്ത സിനിമകളിലെ ഓരോ സീനുകൾ കാണുമ്പോഴും ഇതിനേക്കാൾ നന്നായി ചെയ്യാമായിരുന്നു എന്നെനിക്ക് തോന്നും.
ഭയങ്കര നാണം കുണുങ്ങി ആയിട്ടുള്ള ആളായിരുന്നു ഞാൻ. പഠിക്കുന്ന സമയത്തൊക്കെ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അഭിനയിക്കണമെന്ന് വിചാരിച്ചിട്ടില്ല. സിനിമയിലേക്ക് വന്നതിന് ശേഷമാണ് ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയത്.
ഞാൻ സ്ഥിരമായി ജിമ്മിൽ പോകാറൊന്നുമില്ല. വരുന്ന സിനിമകൾക്കനുസരിച്ചാണ് തയാറെടുപ്പുകൾ നടത്തുന്നത്. ആലപ്പുഴ ജിംഖാനയ്‌ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 7,8 മാസം അതിന് വേണ്ടി മാറ്റിവച്ചു. എന്നാൽ ഒരു തയാറെടുപ്പും ഇല്ലാതെ ചെയ്ത സിനിമയാണ് പ്രേമലു.
പ്രേമലുവിന് മുമ്പാണ് 18 പ്ലസും അയാം കാതലനുമൊക്കെ ചെയ്തത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വേറിട്ട വേഷത്തിലാണ് അയാം കാതലനിൽ ഞാൻ എത്തുന്നത്. നല്ല കഥകൾ കേൾക്കുക, നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും നസ്‌ലിൻ പറഞ്ഞു.