പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിലയ്‌ക്കലിലും പമ്പയിലും ഹിൽടോപ്പിലും ഉൾപ്പെടെ ഒരേസമയം 16,000 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്. നിലയ്‌ക്കലിലാണ് പാർക്കിങ് സൗകര്യം വിപുലീകരിച്ചത്. എണ്ണായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാൻ കഴിയും. പൂർണമായും ഫാസ് ടാഗ് സംവിധാനം ഉപയോഗിച്ചായിരിക്കും പാർക്കിങ്ങെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
പമ്പ, ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം, മാസപൂജ സമയത്ത് ഇവിടെ പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും കോടതിയുടെ അനുവാദത്തോടെ ഇവിടങ്ങളിൽ പാർക്കിങ് ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
എരുമേലി ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലവും പാർക്കിങ്ങിനായി ഉപയോഗിക്കും. നിലയ്‌ക്കലിൽ 17 പാർക്കിങ് ഗ്രൗണ്ടുകളുണ്ട്. ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്തഭടന്മാർ വീതം നൂറിലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഭക്തജനങ്ങൾ ഫാസ് ടാഗ് സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.















