ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. 2026 ജൂലൈ 14 വരെയാണ് നീട്ടിയത്. നവംബർ 30ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് മോദി സർക്കരിന്റെ നടപടി. പൊതുതാത്പര്യം കണക്കിലെടുത്ത് വിദേശകാര്യ സെക്രട്ടറിയുടെ സേവനം നീട്ടാൻ വ്യവസ്ഥകൾ അനുവദിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
1989 ബാച്ചിലെ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ മിസ്രി ജൂലൈ 15നാണ് 35-ാമത് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായ വിനയ് ക്വാത്രയുടെ പിൻഗാമിയായാണ് മിസ്രി ചുമതലയേറ്റത്. വിദേശകാര്യ മന്ത്രാലത്തിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2019 മുതൽ 2021 ഡിസംബർ വരെ ചൈനയിലെ ഇന്ത്യൻ അംബാസിഡറായിരുന്നു അദ്ദേഹം. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെയും ഗാൽവാൻ താഴ്വരയിലെയും സംഘർഷങ്ങൾക്ക് ശേഷം ചൈനീസ് സർക്കാരുമായുള്ള നയതന്ത്രബന്ധം ഉറപ്പാക്കുന്നതിൽ മിസ്രി സുപ്രാധാന പങ്ക് വഹിച്ചിരുന്നു.
2022 ജനുവരിയിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ അദ്ദേഹം ചുമതലയേറ്റു. 2024 ജൂലൈയിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായും മിസ്രി പ്രവർത്തിച്ചിട്ടുണ്ട്.