യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഫ്‌ളോറിഡയിൽ നിന്നുള്ള കോൺഗ്രസ് അംഗം മൈക്ക് വാൾട്ട്‌സിനെ തെരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡോണൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഒരാളാണ് മൈക്ക് വാൾട്ട്‌സ്. ഇന്ത്യൻ കോക്കസ് തലവനായ മൈക്ക് വാൾട്ട്‌സ് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. 40 അംഗങ്ങൾ അടങ്ങുന്ന ഒരു ഉഭയകക്ഷി ഗ്രൂപ്പാണ് സെനറ്റിന്റെ ഇന്ത്യാ കോക്കസ്. പ്രതിരോധം, സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന ഉറച്ച നിലപാടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.
യുഎസ് ആർമിയുടെ ഉന്നത സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റായ ഗ്രീൻ ബെററ്റിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മൈക്ക് വാൾട്ട്‌സ് റിട്ടയേർഡ് ആർമി കേണൽ കൂടിയാണ്. അഫ്ഗാനിസ്ഥാനിലും, മിഡിൽ ഈസ്റ്റിലുമെല്ലാം ഉണ്ടായിരുന്ന യുഎസ് സൈനിക വിഭാഗങ്ങളോടൊപ്പം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാൾഡ് റംസ്‌ഫെൽഡിന്റെ സമയത്ത് പെന്റഗണിൽ അഫ്ഗാന്റെ നയ ഉപദേശകനായും ജോലി ചെയ്തിട്ടുണ്ട്. അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെ ശക്തമായ എതിർത്തയാളാണ് മൈക്ക് വാൾട്ട്‌സ്.
അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് താലിബാൻ വീണ്ടും അധികാരത്തിലേറിയത്. 2019 മുതൽ യുഎസ് ജനപ്രതിനിധി സഭയിൽ അംഗമാണ്. ഇന്ത്യയ്‌ക്ക് എല്ലാ മേഖലയിലും ശക്തമായ പിന്തുണ നൽകുന്ന മൈക്ക് വാൾട്ട്‌സ് കടുത്ത ചൈന വിമർശകൻ കൂടിയാണ്. സാങ്കേതികവിദ്യയിൽ ഉൾപ്പെടെ ചൈനീസ് ആശ്രിതത്വം കുറയ്‌ക്കണമെന്ന ഉറച്ച നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും, കൊറോണ മഹാമാരിയുടെ സമയത്ത് ചൈനയുടെ പങ്ക് സംബന്ധിച്ചുമെല്ലാം മൈക്ക് കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്. 2022ൽ ബിജിങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്‌സിൽ അമേരിക്ക പങ്കെടുക്കരുതെന്നും അന്ന് അദ്ദേഹം ആവശ്യം ഉയർത്തിയിരുന്നു.















