ചെന്നൈ: ക്ലാസിൽ സംസാരിച്ചെന്ന് ആരോപിച്ച് കുട്ടികളുടെ വായിൽ ടേപ്പ് ഒട്ടിച്ച് പ്രധാനദ്ധ്യാപിക. പെൺകുട്ടി ഉൾപ്പടെ അഞ്ച് പേരുടെ വായിലാണ് ടേപ്പ് ഒട്ടിച്ചത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഒറത്തനാടിനടുത്തുള്ള അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിനാണ് സംഭവം.
നാലാം ക്ലാസിലെ കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. ടീച്ചർ ഇല്ലാത്തതിന് തുടർന്നാണ് പ്രധാനാദ്ധ്യാപിക ക്ലാസിലെത്തിയത്. സംസാരിക്കാതെ ഇരിക്കാൻ പറഞ്ഞെങ്കിലും കുട്ടികൾ അനുസരിച്ചില്ല. നാല് മണിക്കൂറോളം
കുട്ടികളെ ടേപ്പ് ഒട്ടിച്ചു നിറുത്തിയെന്നും കുട്ടികൾക്ക് ശ്വാസതടസം ഉണ്ടായതായും ആരോപണമുണ്ട്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
ആരോപണം നിഷേധിച്ച് പ്രധാനാദ്ധ്യാപിക രംഗത്ത് വന്നിട്ടുണ്ട്. കുട്ടികൾ പരസ്പരം വായിൽ ടേപ്പ് ഒട്ടിച്ചതാണെന്നാണ് അദ്ധ്യാപികയുടെ വിശദീകരണം.















