കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേരുത്സവം ഇന്ന്. നവംബർ ആറിന് കൊടിയേറിയ ഉത്സവത്തിന്റെ ഒന്നാം തേരുത്സവമാണ് ഇന്ന് നടക്കുക. ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്ന ദേവരഥസംഗമമെന്ന പുണ്യദർശനത്തിലേക്കുള്ള തേരുപ്രദക്ഷിണം ഇന്ന് ആരംഭിക്കും.
ദേവഭൂമിയായി മാറിയ കൽപ്പാത്തിയിൽ ഇന്ന് ഒന്നാം തേരുത്സവം ആഘോഷിക്കും. നാളെ രണ്ടാം തേരുത്സവവും 15-ന് മൂന്നാം തേരുത്സവവും നടക്കും. അന്നേ ദിവസം വൈകുന്നേരമാണ് ദേവരഥ സംഗമം. പത്ത് ദിവസത്തെ ഉത്സവത്തിന് 16-ന് കൊടിയിറങ്ങും. രഥോത്സവത്തിൽ പങ്കാളികളാകാൻ ഇന്ന് മുതൽ പതിനായിരങ്ങളാണ് കൽപ്പാത്തിയിലെത്തുക.
ആയിരക്കണക്കിന് ഭക്തജനങ്ങളാകും അലങ്കരിച്ച രഥം വീഥിയിലൂടെ വലിക്കാനായെത്തുക. ആറ് രഥങ്ങളാണ് കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നത്. ഇതിൽ മൂന്നെണ്ണം വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നും ബാക്കി മൂന്നെണ്ണം മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ളതാണ്.
കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിലൊന്നായ കൽപ്പാത്തിയിലെ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് പ്രധാന രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിന് പുറമേ പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് രഥോസവത്തിന് കൊടിയേറുന്നത്. ഈ നാല് ക്ഷേത്രങ്ങളിലെയും തേരുത്സവങ്ങൾ കൂടിച്ചേരുന്നതാണ് കൽപ്പാത്തി രഥോത്സവം എന്നറിയപ്പെടുന്നത്. തേരുവലിക്കുന്നതും ദേവരഥ പ്രദക്ഷിണം കണ്ട് തൊഴുന്നചും പുണ്യമാണെന്നാണ് വിശ്വാസം.