ചെന്നൈ: രോഗിയുടെ മകന്റെ ആക്രമണത്തിൽ കാൻസർ രോഗവിദഗ്ധന് ഗുരുതര പരിക്ക്. സർക്കാർ ആശുപത്രിയിൽ ഡോക്ടറായ ബാലാജി ജഗന്നാഥനാണ് ആക്രമിക്കപ്പെട്ടത്. കാൻസർ രോഗിയായ യുവാവിന്റെ അമ്മയെ ഡോക്ടറാണ് ചികിത്സിച്ചത്. തെറ്റായ മരുന്ന് അമ്മയ്‌ക്ക് നൽകിയെന്ന് ആരോപിച്ചാണ് അതിക്രമം.
ഗിണ്ടിയിലെ കലൈഞ്ജർ സെൻ്റിനറി ഹോസ്പിറ്റലിലെ ഒപി വിഭാഗത്തിലാണ് ആക്രമണം നടന്നത്. ശരീരത്തിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഏഴ് തവണയാണ് പ്രതി ഡോക്ടറെ ആഞ്ഞ് കുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച 26 കാരനെ ആശുപത്രി അധികൃതർ പിടികൂടി പൊലീസിൽ എൽപ്പിച്ചു.
ഓങ്കോളജിസ്റ്റായ ഡോക്‌ടർ ഹൃദ്രോഗിയാണ്. അദ്ദേഹത്തിന്റെ നെഞ്ചിനും തലയ്‌ക്കും മുകൾഭാഗത്ത് പരിക്കേറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
ഡോക്ടർ ബാലാജി പേസ് മേക്കർ ഘടിപ്പിച്ചിരുന്നുവെന്നും നെറ്റിയിലും മുതുകിലും ചെവിക്ക് പിന്നിലും കുത്തേറ്റതായും വയറ്റിൽ അടിയേറ്റതായും മുതിർന്ന ഡോക്ടർ പറഞ്ഞു.