സുൽത്താൻ ബത്തേരി: വയനാട് തെരഞ്ഞെടുപ്പിന്റെ ചിത്രത്തിൽ ഇടതുപക്ഷം ഇല്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. മണ്ഡലത്തിൽ രണ്ട് സ്ഥാനാർത്ഥികളെ ചിത്രത്തിലുള്ളു. സത്യൻ മൊകേരിയുടെ നാളിതുവരെയുള്ള പ്രചാരണ പ്രവർത്തനം മന്ദഗതിയിലായിരുന്നു. അത് കൊണ്ട് വോട്ടുകളെല്ലാം കഴിഞ്ഞ തവണത്തേക്കാൾ മാറിയിരിക്കും. പോളിംഗ് ദിനത്തിലെ ബൂത്ത് സന്ദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു നവ്യ ഹരിദാസ്.
പോളിംഗ് ശതമാനം താരതമ്യേന കുറവാണ്. ദുരന്തം കഴിഞ്ഞ സാഹചര്യത്തിൽ ജനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉപതെരഞ്ഞെടുപ്പ് എത്തി. ആളുകൾ ഉപതെരഞ്ഞെടുപ്പിനെ കുറച്ചു കാണുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പോളിംഗ് ശതമാനത്തിലെ കുറവ് എൻഡിഎയെ പ്രതികൂലമായി ബാധിക്കില്ലെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.
മുന്ന് മണിവരെയുള്ള കണക്ക് പ്രകാരം 51.3 ശതമാനം പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബൂത്തിൽ എത്താൻ പ്രത്യേക ക്രമീകരണങ്ങൾ ജില്ല ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.