കൊച്ചി: സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഔട്ട്‌ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർ അവിടെയുള്ള വനിതാ ജീവനക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും. ബെവ്‌കോയിലെ 1600ഓളം വരുന്ന വനിതാ ജീവനക്കാർക്ക് സ്വയരക്ഷാ പരിശീലനം നൽകാനൊരുങ്ങുകയാണ് പൊലീസ്. കേരള പൊലീസിലെ വനിതാ സ്വയം പ്രതിരോധ സേന ഉദ്യോഗസ്ഥരാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
ഡ്രൈ ഡേ ആയ ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. വനിതകൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത് തടയുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കം. ഓരോ ജില്ലയിലേയും ബെവ്‌കോയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള 150 ഓളം വനിതാ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുക്കും. ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്. ആയോധനകലകളിൽ പ്രാവിണ്യമുള്ള നാല് വനിതാ പൊലീസുകാരെ ഓരോ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്.
14 ജില്ലകളിലേയും ബിവറേജസ് ഷോപ്പുകൾ, വെയർ ഹൗസുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ജീവനക്കാരികൾ ബെവ്‌കോയുടെ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ പങ്കെടുക്കുമെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. 20 മണിക്കൂറാണ് ഒരു സെഷൻ. പരിശീലനം ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും നോഡൽ ഓഫീസർമാരെയും നിയമിച്ചു. ഒന്നാം തിയതി സംഘടിപ്പിക്കുന്ന ക്ലാസിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് വേണ്ടി കോംപൻസേറ്ററി ഓഫ് അനുവദിച്ചിട്ടുണ്ട്. ശാരീരക അവശതകൾ അനുഭവിക്കുന്നവർ പരിശീലനം കണ്ട് മനസിലാക്കിയാൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.















