ന്യൂഡൽഹി: റോഹിങ്ക്യകളുടെ അനധികൃത കുടിയേറ്റം തടയാൻ സുപ്രധാന ചുവടുമായി രാജ്യ തലസ്ഥാനത്തെ പച്ചക്കറി മാർക്കറ്റ്. ഡൽഹി നജഫ്ഗഡിലെ പച്ചക്കറി മാർക്കറ്റിൽ വഴിയോരക്കച്ചവടക്കാർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തി. ബംഗ്ലാദേശ്, മ്യാൻമറിൽ നിന്നുമുള്ളവർ വഴിയോരക്കച്ചവടക്കാരായി പ്രദേശത്ത് തമ്പടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. പ്രദേശത്തെ ബിജെപി കൗൺസിലറും മാർക്കറ്റ് അസോസിയേഷനുമാണ് നടപടിക്ക് ചുക്കാൻ പിടിച്ചത്.
ഓരോ കച്ചവടക്കാരനും പേരും ഫോൺ നമ്പറും വണ്ടിയിൽ പ്രദർശിപ്പിക്കണം. കൂടാതെ ഓരോരുത്തർക്കും പ്രത്യേക തിരിച്ചറിൽ കാർഡും നൽകും. എല്ലാ വഴിയോര കച്ചവടക്കാരോടും ആധാർ പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി നസഫ്ഗഡ് വ്യാപാരി മണ്ഡൽ പ്രസിഡൻ്റ് സന്തോഷ് രജ്പുത് പറഞ്ഞു.
300 ഓളം കച്ചവടക്കാരാണ് മാർക്കറ്റിലുള്ളത്. നെയിംപ്ലേറ്റില്ലാത്ത ആരെയും ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്ന് മാർക്കറ്റ് അസോസിയേഷനും നാട്ടുകാരും ഏകകണ്ഠമായി തീരുമാനിച്ചതാണ്. ഇത് ഏതെങ്കിലും പ്രത്യേക സമുദായത്തോടും വിവേചനമല്ലെന്നും സുരക്ഷയ്‌ക്ക് വേണ്ടി മാത്രമാണെന്നും കൗൺസിലർ അമിത് ഖർഖാരി പറഞ്ഞു.. അനധികൃതമായി മാർക്കറ്റിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.















