ഇടുക്കി: കാണാതായ പ്ലാവിൻ തടി പരാതി നൽകിയതിന് പിന്നാലെ തിരികെയെത്തി. അടിമാലിയിൽ ട്രൈബൽ ഹോസ്റ്റലിന് മുൻപിൽ കഴിഞ്ഞ ദിവസം വെട്ടിയിട്ട പ്ലാവിൻ തടിയാണ് കാണാതായത്. പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ കാണായ മരത്തടി തിരിച്ചെത്തുകയും ചെയ്തു.
ഇരുമ്പുപാലം ട്രൈബൽ ഹോസ്റ്റലിന് മുകളിലേക്ക് ചാഞ്ഞുനിന്ന പ്ലാവ്, കെട്ടിടത്തിന് ഭീഷണിയാണെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിമാലി പഞ്ചായത്ത് മരം വെട്ടിയത്. 80 ഇഞ്ച് വണ്ണമുള്ള പ്ലാവായിരുന്നു ഇത്. മരത്തടികൾ ഇവിടുന്ന് നീക്കം ചെയ്തിരുന്നില്ല. പിറ്റേദിവസം അധികൃതർ സ്ഥലത്തെത്തിയപ്പോഴാണ് മരത്തടികൾ കാണാതായതറിഞ്ഞത്. ഇതോടെ ഹോസ്റ്റൽ അധികൃതർ പൊലീസിൽ പരാതി നൽകി.
കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് കാണാതതായ തടികൾ തിരിച്ചെത്തുകയും ചെയ്തു. ആരാണ് തടികൾ കൊണ്ടുപോയതെന്നതിൽ വ്യക്തതയില്ല. മരത്തടികൾ ലഭിച്ചതോടെ പരാതി പിൻവലിച്ചതായി ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കി.















