ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി. പുസ്‌തക വിവാദവുമായി ബന്ധപ്പെട്ട് ഡിസിയുടെ നിലപാട് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രവി ഡിസി പറയുന്നത്. ഫസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്തു നിൽക്കുന്നവരെ ബഹുമാനിക്കുന്നു. കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും രവി ഡിസി വ്യക്തമാക്കി. ഷാർജയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക കാരണങ്ങളാൽ പ്രസാധനം നീട്ടിവെക്കുന്നുവെന്ന് മാത്രമാണ് ഇക്കാര്യത്തിൽ നേരത്തെ ഡിസി നടത്തിയ പ്രതികരണം. ഇതിനെ ചുവടുപിടിച്ചുണ്ടായ വിവാദങ്ങളിലോ സംശയങ്ങളിലോ പ്രതികരിക്കാൻ പ്രസാധകർ തയ്യാറല്ലെന്നാണ് രവി ഡിസി വ്യക്താക്കുന്നത്.
പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ ജയരാജൻ എഴുതിയത് തന്നെയാണോ അല്ലയോ എന്നതിൽ ഒരു പ്രതികരണം നടത്താൻ ഇനിയും ഡിസി തയ്യാറാകുന്നില്ല. കൃത്യമായ വിശദീകരണംവ ഡിസി നൽകുമെന്നാണ് രാഷ്‌ട്രീയ കേരളം പ്രതീക്ഷിച്ചതെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രസാധകർ. അതേസമയം പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ വ്യാജമാണെന്ന ഇപി ജയരാജന്റെ വാദത്തെ തള്ളുകയോ അംഗീകരിക്കുകയോ ഡിസി ചെയ്തിട്ടില്ല. അതിനാൽ പുസ്തക വിവാദത്തിലെ സംശയങ്ങളും ദുരൂഹതകളും അതേപടി നിലനിൽക്കുകയാണ്.
കട്ടൻ ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റ് ജീവിതം എന്ന പേരിൽ ഇപി ജയരാജന്റെ ആത്മകഥയെന്ന തരത്തിലാണ് പുസ്തകത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നത്. താൻ എഴുതിയതല്ല പുറത്തുവന്നിരിക്കുന്നതെന്ന് ജയരാജൻ പറയുമ്പോൾ, പുറത്തുവന്ന ഭാഗങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ ഡിസി ഇനിയും തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന സംശയവും ഉയരുകയാണ്.















