വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ ചേച്ചിയായ അമൃത സുരേഷിന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണെന്നും ഗായിക അഭിരാമി സുരേഷ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കല്യാണത്തേക്കാൾ കൂടുതൽ കേട്ടത് ഡിവോഴ്സുകളാണെന്നും അതുകൊണ്ട് വിവാഹം കഴിക്കാൻ പേടിയാണെന്നും അഭിരാമി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിരാമി.
വിവാഹം കഴിക്കുന്നതിനെ കുറിച്ച് നന്നായി ആലോചിക്കുന്നുണ്ട്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണം നടക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് യോഗം കൂടിവേണം. ചേച്ചിയുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ അറിയാവുന്നത് കൊണ്ട് കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് പേടിയാണ്. ഒരു തെറ്റായ ആളെയാണ് നമ്മൾ ഭർത്താവായി തെരഞ്ഞെടുക്കുന്നതെങ്കിൽ പിന്നീട് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
പരസ്പരമുള്ള ഒത്തുതീർപ്പിൽ ഡിവോഴ്സ് ചെയ്താലും വെറെ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പക്ഷേ, ഡിവോഴ്സിന് ശേഷം നമ്മളെ പിന്തുടർന്ന് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ എല്ലാം അവിടെ കഴിഞ്ഞു. അതുകൊണ്ട് കല്യാണം കഴിക്കാൻ ഒരുപാട് പേടിയാണ്.
ചേച്ചിയുടെ പ്രശ്നങ്ങൾ കാരണം ചേച്ചിയേക്കാൾ ഞങ്ങളാണ് കൂടുതൽ പഴി കേട്ടിട്ടുള്ളത്. ഞാൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. അങ്ങനെയുള്ള എന്നെ എല്ലാവരും വെറുക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പ്രശ്നം വന്നാൽ അതാലോചിച്ച് കരയുന്ന ആളെ മാത്രമേ സമൂഹം അംഗീകരിക്കുകയുള്ളൂ. എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത് സന്തോഷമായിട്ട് മുന്നോട്ട് പോകുന്നവരെ അംഗീകരിക്കാനും ആളുകൾ പഠിക്കണമെന്നും അഭിരാമി സുരേഷ് പറഞ്ഞു.















