മുംബൈ: മഹാരാഷ്‌ട്രയിൽ ഹിന്ദുവികാരം വീണ്ടും വ്രണപ്പെടുത്തി മഹാവികാസ് അഘാഡി സഖ്യവും കോൺഗ്രസും. ചാന്ദിവാലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ആരിഫ് നസീം ഖാന്റെ പ്രചാരണ പോസ്റ്ററാണ് വിവാദത്തിലായത്. ചുവരിൽ ഒരു ടൈലിന് മുകളിൽ പതിച്ച ഗണപതി ഭഗവാന്റെ ചിത്രത്തിന്റെ മുഖത്തിന് മുകളിൽ പോസ്റ്റർ പതിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എക്‌സിലടക്കം വലിയ ചർച്ചയായി കഴിഞ്ഞു.
ഹിന്ദുക്കളോടുളള മനോഭാവമാണ് ഇതിലൂടെ തെളിയുന്നതെന്ന് ബിജെപി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ച കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മനപ്പൂർവ്വമുളള പ്രവൃത്തിയാണെന്ന് പോസ്റ്റർ കാണുമ്പോൾ തന്നെ വ്യക്തമാകും.
മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കാനായി ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി. വോട്ട് ജിഹാദിനുളള ശ്രമമാണ് കോൺഗ്രസ് ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യം നടത്തുന്നതെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. ഗണേശചതുർത്ഥി ഉൾപ്പെടെ വിപുലമായി ആഘോഷിക്കുന്ന മഹാരാഷ്‌ട്രയിൽ ഗണേശഭഗവാനുളള സാംസ്‌കാരിക പ്രാധാന്യം വലുതാണെന്ന് അമിത് മാളവ്യ പറഞ്ഞു.
ഒരു ഭിത്തിയിൽ പ്രത്യേകം പതിപ്പിച്ച ടൈലിലാണ് ഗണപതിയുടെ ചിത്രം പതിച്ചുവെച്ചിരുന്നത്. ഇതിന് മുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണ പോസ്റ്റർ പതിച്ചത്.