എറണാകുളം: എയർ ഇന്ത്യ വിമാനത്തിന് നേരെ ബോബ് ഭീഷണി. രാവിലെ 8.45-ന് ന്യൂഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിനുള്ളിൽ നിന്നും ഭീഷണി സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ ക്രൂ അംഗങ്ങൾ കണ്ടെത്തുകയായിരുന്നു. സീറ്റിനടിയിൽ നിന്നാണ് പേപ്പർ കണ്ടെത്തിയത്.
രാവിലെ 9.30-ന് ഡൽഹിയിലേക്ക് തിരിക്കേണ്ടതായിരുന്നു വിമാനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധനകൾക്ക് ശേഷമാണ് സർവീസ് ആരംഭിച്ചത്. പ്രോട്ടോക്കോൾ പ്രകാരം നടത്തിയ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പരിശോധനകൾക്ക് ശേഷം 11 മണിയോടെയാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.















