മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകൻ ഫാസിലാണ് തീയതി പ്രഖ്യാപിച്ചത്. മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. മോഹൻലാലിന്റെ കരിയർ മാറ്റിയെഴുതിയ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത്.
ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ തനിക്ക് അവസരം ലഭിച്ചത് ദൈവനിശ്ചയമാണെന്നും ഡിസംബർ 25 എന്ന തീയതി മോഹൻലാലിന്റെ കരിയറിലെ പ്രധാനപ്പെട്ട ദിവസമാണെന്നും ഫാസിൽ വീഡിയോയിൽ പറഞ്ഞു. മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. ഗുരുസ്ഥാനത്ത് കാണുന്ന എല്ലാവരുടെയും അനുഗ്രഹങ്ങൾ വാങ്ങി അവരെ കൊണ്ട് വിളക്ക് കൊളുത്തിയ ശേഷമാണ് മോഹൻലാൽ ഈ ചിത്രത്തിന് തുടക്കം കുറിച്ചത്. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെ ആകെ തുകയാണ് ബറോസ്.
മോഹൻലാലിനെ ഇന്നറിയുന്ന നടനാക്കി മാറ്റിയത് മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമയാണ്. ആ സിനിമ റിലീസ് ചെയ്തതും ഡിസംബർ 25-നാണ്. മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഒരു ഡിസംബർ 25-നായിരുന്നു. ഇന്ന് ബറോസ് റിലീസ് ചെയ്യുന്നതും ഡിസംബർ 25-നാണ്.
റിലീസ് തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി. ഈ ഒരു തീയതി എന്നത് ദൈവനിശ്ചയമാണ്. നാലര പതിറ്റാണ്ടിന്റെ അഭിനയ ജീവിതത്തിൽ നിന്നും പഠിച്ചെടുത്ത അനുഭവങ്ങളിലൂടെയാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്യുന്നത്. ഇതൊക്കെ നിമിത്തമാണ്, നിയോഗമാണെന്നും ഫാസിൽ പറഞ്ഞു.