തൃശൂർ: ഗുരുവായൂർ ദേവസ്വം ഭൂമിയും വഖ്ഫ് ബോർഡിന്റെ അധിനിവേശം. മലപ്പുറം പൊന്നാനിയിലെ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോൾ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുൽ ഇസ്ലാം സഭയുടെ കീഴിലാണ്.
ഗുരുവായൂർ ക്ഷേത്രം ഊരാളരായ വല്ലിശേരി മനയും കോഴിക്കോട് സാമൂതിരിയുമാണ് തളി ക്ഷേത്രത്തിലും ഭരണനിർവഹണം നടത്തിയത്. 2.15 ഏക്കർ ഭൂമിയിൽ ഇപ്പോൾ എം ഐ അറബിക് കോളേജും മറ്റ് ഇസ്ലാമത സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിശ്വാസികൾ.
കേരളത്തിലെ തളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് കാഞ്ഞിരമുക്ക് ശിവക്ഷേത്രം. ചരിത്ര രേഖകൾ പ്രകാരം 1918 ലാണ് ക്ഷേത്രം തകർക്കപ്പെട്ടത്. 1996 വരെ ഈ ഭൂമിയിൽ ക്ഷേത്രത്തിന്റെ അവേശിഷിപ്പുകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. രാത്രിയുടെ മറവിലാണ് മൗനത്തുൽ ഇസ്ലാം സഭ ക്ഷേത്രത്തിന്റെ കരിങ്കൽ ശേഷിപ്പുകൾ അവിടെ നിന്ന് നീക്കം ചെയ്തത് . ക്ഷേത്രഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന വലിയ കിണർ ശ്രീകോവിലിന്റെ കരിങ്കൽ ശേഷിപ്പുകൾ ഇട്ടാണ് മൂടിയെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സജയൻ ചൂണ്ടിക്കാട്ടി.
1937 ൽ ആമിനുമ്മ എന്ന വ്യക്തിയിൽ നിന്ന് കൊങ്ങണം വീട്ടിൽ മുഹമ്മദ് ഈ ഭൂമി വാങ്ങിയതിന് രേഖകളുണ്ട്. പിന്നീട് 1958 ൽ കൊങ്ങണം മുഹമ്മദിന്റെ ആഗ്രഹപ്രകാരം കുഞ്ഞിമൊയ്തീൻ എന്നയാൾ ഈ ഭൂമി വഖ്ഫ് ചെയ്തുവെന്ന ആധാരവുമുണ്ട്. എന്നാൽ ആമിനുമ്മയ്‌ക്ക് എവിടെ നിന്നാണ് ഭൂമി ലഭിച്ചതെന്ന രേഖകൾ പൊന്നാനി സബ്‌രജിസ്റ്റർ ഓഫീസിൽ ഇല്ല. വിവരവകാശ നിയമപ്രകാരം ആക്ഷൻ കൗൺസിൽ രേഖകൾക്കായി സബ്‌രജിസ്റ്റർ ഓഫീസിനെ സമീപിച്ചെങ്കിലും വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനാൽ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര ഭൂമി തട്ടിയെടുക്കുകയാണെന്ന ആക്ഷൻ കൗൺസിലിന്റെ വാദത്തിന് ബലമേറുകയാണ്.
അതേസമയം പഞ്ചായത്തിന്റെയും ടൗൺപ്ലാനറുടെയും അനുവാദമില്ലാതെയാണ് മൗനത്തുൽ ഇസ്ലാം സഭ മസ്ജിദ് നിർമിച്ചത്. നിർമാണം നടക്കുന്ന സമയത്ത് മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ അടക്കം നൽകിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ നിർമാണം പൂർത്തിയാക്കി. ഒരു വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ സ്ഥാനത്ത് മസ്ജീദ് അടക്കമുള്ള കൂറ്റൻ കെട്ടിടം ഉയർന്നത്.















