ജനിച്ചാൽ ഒരിക്കൽ മരണമുറപ്പാണ്.. എന്നാൽ ഈ ലോകത്തേക്ക് പിറന്നുവീണാൽ പിന്നെയൊരു തിരിച്ചുപോക്കില്ലാത്ത ജന്തുവുണ്ട്. അതാണ് ഇമ്മോർട്ടൽ ജെല്ലിഫിഷ്.
ജെല്ലിഫിഷുകളുടെ സ്പീഷിസിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവിയാണിത്. ശരീരത്തിൽ എന്തെങ്കിലും മുറിവേറ്റാലോ പരിക്ക് പറ്റിയാലോ മുറിവ് സുഖപ്പെട്ട് പഴയപടിയാകുന്ന പ്രത്യേകതരം ഹീലിംഗ് പവറാണ് ഈ ജെല്ലിഫിഷിന്.
പരിക്കേറ്റ ജെല്ലിഫിഷ് ചുങ്ങിചുരുങ്ങി ഒരു മുഴരൂപത്തിലേക്ക് മാറും. സമുദ്രോപരിതലത്തിൽ ചെന്നുകിടക്കും. 24-36 മണിക്കൂറുകൾ കഴിയുമ്പോൾ മുഴയായി കിടന്ന ജെല്ലിഫിഷിന് പുതുജന്മം ലഭിക്കും. ജനിച്ച സമയത്തുണ്ടായിരുന്ന അതേവളർച്ചയിലേക്ക് മാറിയിട്ടുണ്ടാകും. ഈ പ്രക്രിയയേയാണ് ട്രാൻസ്ഡിഫ്രന്റേഷൻ എന്ന് പറയുന്നത്. ലോകത്ത് അപൂർവം ജന്തുക്കളിൽ മാത്രം കണ്ടുവരുന്ന അവസ്ഥ.
1880കളിൽ മെഡിറ്ററേനിയൻ കടലിലാണ് ഇമ്മോർട്ടൽ ജെല്ലിഫിഷുകളെ ആദ്യമായി കണ്ടെത്തിയത്. പൂർണവളർച്ചയെത്തിയ ഇവയുടെ ശരീരത്തിന് 4.5 മില്ലിമീറ്റർ (0.18 ഇഞ്ച്) വലിപ്പം മാത്രമേ കാണൂ. Turritopsis dohrnii എന്നതാണ് ശാസ്ത്രനാമം. ലാർവയായി ജനിച്ചുവീഴുന്ന ജെല്ലിഫിഷുകളെ planula എന്നാണ് വിളിക്കുക. മറ്റ് ജെല്ലിഫിഷുകളെ പോലെ ബെൽ ആകൃതിയാണ് ഇതിനും. സുതാര്യമായ ശരീരമായതിനാൽ ഇതിനകത്ത് കടുംചുവപ്പ് നിറത്തിൽ ഒരു വസ്തു കാണാം. ഇതാണ് ഇവയുടെ ഉദരം.
മരണമില്ലാത്ത ഇമ്മോർട്ടൽ ജെല്ലിഫിഷിന്റെ അന്ത്യമെങ്ങനെ?
നിരവധി കടൽജീവികളുടെ ആഹാരമാണിവ. ലാർവയായി കഴിഞ്ഞതിന് ശേഷം വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ എന്തെങ്കിലും രോഗം പിടിപെട്ടാൽ ഇവ ചത്തുപോകാറുണ്ട്. ആഹാരം കിട്ടിയില്ലെങ്കിലും ഇവ ചത്തുപോകും.