കോഴിക്കോട്: സൗദി ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47 കോടി 87 ലക്ഷം രൂപയെന്ന് നിയമ സഹായസമിതി. 36 കോടി 27 ലക്ഷം രൂപയാണ് ദയാധനമായി ചെലവായത്. ബാക്കി 11 കോടി 60 ലക്ഷം രൂപ എന്ത് ചെയ്യണമെന്ന് റഹിം നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം തീരുമാനിക്കുമെന്ന് നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
മാർച്ച് 10 മുതൽ ഏപ്രിൽ 12 വരെയുള്ള കാലേയളവിലാണ് തുക സമാഹരിച്ചത്. 9 ലക്ഷം ആളുകളാണ് സംഭാവന നൽകിയത്. 34 കോടി 35 ലക്ഷം രൂപ എംബസി വഴി അയച്ച് നൽകി. അവിടത്തെ അഡ്വക്കേറ്റ് ഫീസായി 1.71 കോടി രൂപയാണ് നൽകിയത്.
മോചനദ്രവ്യത്തിന് പുറമേ വൻ തുക പിരിഞ്ഞ് കിട്ടിയെന്നും ഈ തുക എന്തു ചെയ്തുവെന്ന സംശയം വ്യാപകമായിരുന്നു. റഹീമിന്റെ കുടുംബവും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് പിന്നാലെയാണ് കണക്കുമായി നിയമസഹായ സമിതി എത്തിയത്. 17ാം തീയതി സൗദി കോടതി വീണ്ടും അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കും.