കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി മന്ത്രി. മരുഭൂമിയിൽ പോലും പച്ചപ്പ് നിലനിർത്താനും ഭൂമിയുടെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും ഭാരതം നടത്തുന്ന പ്രവർത്തനങ്ങൾ പ്രചോദനാത്മകമാണെന്ന് ഡെപ്യൂട്ടി പരിസ്ഥിതി, കൃഷിമന്ത്രി ഡോ. ഒസാമ ഫഖീഹ പറഞ്ഞു. മരുഭൂവൽക്കരണത്തിനെതിരായ യുഎൻ കൺവെൻഷന്റെ കക്ഷിരാജ്യങ്ങളുടെ കോൺഫറൻസിന് (COP16) റിയാദ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.
രാജസ്ഥാനിലെയും ആന്ധ്രപ്രദേശിലെയും വിജയഗാഥകളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമർശം. രാജസ്ഥാനിലെ ലാപോഡിയ ഗ്രാമത്തിൽ പരമ്പരാഗത ജലസംഭരണ സംവിധാനങ്ങളുടെ പുനരുജ്ജീവനം ജലവിതരണം മെച്ചപ്പെടുത്തിയതിന് പുറമേ വരണ്ടുണങ്ങിയ പുൽമേടുകൾ പുനരജ്ജീവിപ്പിക്കാനും സാധിച്ചു. 50-ലധികം അയൽ ഗ്രാമങ്ങളിൽ ഈ പദ്ധതി വ്യാപിപ്പിച്ചു. മരുപ്പച്ച പോലെയാണ് ലാപേഡിയ ഗ്രാമം ഇന്ന് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 300-ലധികം വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. വരൾച്ചയെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് ലോകത്തിന് ദർശനം നൽകാൻ ഇവിടുത്തെ ജനങ്ങൾക്ക് സാധിച്ചെന്നും മന്ത്രി പ്രശംസിച്ചു.
കാലാവസ്ഥ വ്യതിയാനം കൃഷി ചെയ്യാൻ സാധിക്കുന്ന ഭൂമിയുടെ അളവിൽ ഗണ്യമായ കുറവാണ് വരുത്തുന്നത്. എന്നാൽ ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ രേണുക ബയോ ഫാംസ് കൈവരിച്ച നേട്ടവും സൗദി മന്ത്രി എടുത്തുപറഞ്ഞു. പരമ്പാരാഗത രീതികളെ ആധുനിക സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച് തരിശായി കിടക്കുന്ന സ്ഥലങ്ങളെ തണ്ണീർത്തടങ്ങളായി രൂപന്താരപ്പെടുത്തുന്നതിൽ രേണുക ഫാംസ് വിജയിച്ചു. ഇത് ഭൂമിശോഷണത്തെ ചെറുക്കാൻ സഹായിക്കുന്നു. ആഗോളതലത്തിൽ ഇവ പരീക്ഷിക്കാവുന്നതാണെന്നും ഇന്ത്യയുടെ മാതൃക ഉപകാരപ്രദമാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.
രാജസ്ഥാനിലെ മരുഭൂമികൾക്ക് സമാനമാണ് സൗദിയിലെ മരുഭൂമി. ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വരണ്ട കാലാവസ്ഥയും മണൽക്കാറ്റുമൊക്കെ മരുപ്രദേശങ്ങളിൽ ഒരുപോലെയാണ്. പുനരുപയോഗിക്കാവുന്ന ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിലും ജലസംഭരണ രീതികൾ പ്രയോജനപ്പെടുത്താനും രാജസ്ഥാനിലെ ഗ്രാമങ്ങളെ ആശ്രയിക്കുന്നതിൽ താത്പര്യമുണ്ടെന്നും സൗദി അറിയിച്ചു.