ഗോരഖ്പൂർ: എബിവിപി 70-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരദാന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മുഖ്യാതിഥിയാകും. നവംബർ 24 ന് രാവിലെ 11.30 നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുക.
എബിവിപി മുൻ ദേശീയ അധ്യക്ഷൻ പ്രൊഫ. യശ്വന്ത് റാവു ഖേൽക്കറുടെ സ്മരണാർഥം 1991 മുതലാണ് പുരസ്‌കാരദാനം ആരംഭിച്ചത്. ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ദീപേഷ് നായരാണ് ഈ വർഷത്തെ പുരസ്‌കാര ജേതാവ്.
പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാര സമർപ്പണത്തിന് യോഗി ആദിത്യനാഥ് എത്തിച്ചേരുന്നത് പ്രവർത്തകരുടെ ആഹ്ലാദവും ആവേശവും ഇരട്ടിയാക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. കൂട്ടിച്ചേർത്തു. ബധിര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും സമഗ്ര വികാസത്തിനും വേണ്ടി ദീപേഷ് നായർ നടത്തുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക സേവന രംഗത്തും സ്തുത്യർഹമായ സംഭാവനകൾ നൽകിവരുന്ന ഭാരതത്തിലെ യുവ സംരംഭകരെ അനുമോദിക്കാനും അവരുടെ പ്രവർത്തനങ്ങൾക്ക് നവ ഊർജ്ജം പകരാനുമാണ് പുരസ്‌കാരത്തിലൂടെ എബിവിപി ലക്ഷ്യമിടുന്നത്. ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് (TEACH) എന്ന പേരിൽ ബധിര വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ് ദീപേഷ് നായർ.
ദില്ലി, മഹാരാഷ്‌ട്രയിലെ താനെ, പൂനെ എന്നീ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ TEACH ന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. കെ.ജി സോമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിഎ പൂർത്തിയാക്കിയ ദീപേഷ് നായർ ബധിര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും സമഗ്ര വികാസത്തിനും അനുയോജ്യമായ പഠനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി 2016 ൽ ആണ് സുഹൃത്തായ അമൻ ശർമ്മയോടൊപ്പം TEACH എന്ന സംഘടന ആരംഭിക്കുന്നത്.















