തിരുവനന്തപുരം; ഉത്സവങ്ങൾക്കും മറ്റും ആനകളെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രായോഗിക വശങ്ങൾ പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കരട് നാട്ടാന പരിപാലനചട്ടം ചർച്ച ചെയ്യുന്നതിനായി ഉപയോക്താക്കളുടെയും ബന്ധപ്പെട്ടവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശിൽപ്പശാല ഈ മാസം 20-ന് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്നുണ്ട്. ഈ ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളും പ്രായോഗിക വശങ്ങളും കൂടി പരിഗണിച്ചായിരിക്കും തുടർ നിയമനടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി അറിയിച്ചു.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ, ഗുരുവായൂർ ദേവസ്വം, തിരുവിതാംകൂർ ദേവസ്വം, മറ്റ് ബന്ധപ്പെട്ട ദേവസ്വം പ്രതിനിധികൾ, ആന ഉടമകളുടെ പ്രതിനിധികൾ, സർക്കാരിതര സന്നദ്ധ സംഘടനകൾ, നിയമവിദഗ്ധർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കും. തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾ പരമ്പരാഗത രീതിയിൽ തടസ്സമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടതെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
ഹൈക്കോടതി നിർദ്ദേശങ്ങളെ എതിർത്ത് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്തെത്തിയിരുന്നു. തൃശൂർ പൂരം നടത്താൻ കഴിയാത്ത രീതിയിലാണ് നിർദ്ദേശങ്ങളെന്ന് ഇരുകൂട്ടരും ആരോപിച്ചിരുന്നു. ആനകളെ എഴുന്നെളളിക്കുന്ന പതിവുളള മറ്റ് ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളുടെ നടത്തിപ്പ് ആശങ്കയിലാക്കുന്നതാണ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ. ആനകളെ 3 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നെളളത്തിൽ നിർത്താൻ പാടില്ലെന്ന് ഉൾപ്പെടെയുളള മാർഗനിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആനകളെ പൊതുനിരത്തിൽകൂടി കൊണ്ടുപോകരുത്, എഴുന്നളളത്തിന് നിൽക്കുമ്പോൾ ആനകൾ തമ്മിൽ 3 മീറ്റർ അകലം ഉറപ്പാക്കണം, തീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും 5 മീറ്റർ അകലം പാലിക്കണം, കാഴ്ചക്കാരും ആനയും തമ്മിലും 8 മീറ്റർ ദൂര പരിധി ഉറപ്പാക്കണം, ബാരിക്കേഡ് സംവിധാനമുണ്ടാകണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.