കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേരെയാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. 14,942 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് മൂവർ സംഘമെത്തിയത്. ബാഗിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
രാസലഹരിക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും കേരളത്തിൽ സുലഭമാകുകയാണ്. കൊച്ചിയിലും മലപ്പുറത്തുമായി നിരവധി കേസുകളാണ് ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിർത്തി നിശ്ചിച സമയപരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് മാരക ലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. മൂന്ന് മാസമാണ് ഇവ പാകമാകാൻ എടുക്കുന്നത്. തായലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ‘തായ് ഗോൾഡ്’ എന്ന പേരിൽ ഇവ ഡാർക്ക് വെബിലൂടെയാണ് വിൽപന അധികവും.















