ടെലിവിഷനും മോഡലുമായ നിതിൻ ചൗഹാൻ മരണപ്പെട്ടുവെന്ന വാർത്ത അടുത്തയിടെ ടെലിവിഷൻ മേഖലയിൽ ചർച്ചാ വിഷയമായിരുന്നു. എന്നാൽ പ്രചരിച്ചത് വ്യാജവാർത്തയാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി കൊണ്ട് നിതിൻ ചൗഹാൻ തന്നെ രംഗത്ത് വന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരിച്ചത്.
നിതിൻ ചൗഹാൻ എന്ന പേര് തന്നെയുള്ള വ്യക്തിയാണ് മരിച്ചത്. എന്നാൽ തെറ്റിദ്ധരിച്ച് നിമിഷങ്ങൾക്കുള്ളിൽ താരത്തിന്റെ പേരും ചിത്രവും വച്ച് സമൂഹമാദ്ധ്യമങ്ങളിൽ അനുശോചന വാർത്തയും ചിത്രങ്ങളും പ്രചരിക്കുകയായിരുന്നു. മരിച്ച നിതിൻ ചൗഹാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
താൻ മരിച്ചെന്ന് വാർത്ത പ്രചരിച്ചപ്പോൾ മുതൽ നിതിൻ ചൗഹാന്റെ മാതാവ് ആശ്വാസപ്പിക്കാനാവാത്ത വിധത്തിൽ കരയുകയാണെന്നും അദ്ദേഹം പങ്കിട്ട വീഡിയോയിൽ പറയുന്നു. തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും സമൂഹ മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് വ്യക്തികളെ തമ്മിൽ തെറ്റിദ്ധരിച്ചത് രണ്ട് കുടുംബങ്ങളെ തന്നെയാണ് ബാധിച്ചത്. തെറ്റായ വിവരങ്ങൾ ഇനിയും പങ്കിടരുതെന്നും ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംടിവി സ്‌പ്ലിറ്റ്‌സ്‌വില്ല 5, തേരാ യാർ ഹൂൺ മെയിൻ, ക്രൈം പട്രോൾ തുടങ്ങിയ ഷോകളിലൂടെയാണ് നിതിൻ ചൗഹാൻ ശ്രദ്ധ നേടുന്നത്. മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു വാർത്ത പ്രചരിച്ചത്. നടി സയന്തനി ഘോഷും നിതിന്റെ സഹനടൻ സുധീപ് സാഹിറും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏറെ നാളായി വിഷാദത്തിനുള്ള ചികിത്സയിലായിരുന്നു എന്നുവരെ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് താരം മൗനം വെടിഞ്ഞ് രംഗത്തുവന്നത്.
View this post on Instagram















