പത്തനംതിട്ട: ശരണ പാതകൾ സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്ത് ചെയ്തുവരുന്ന ‘സേഫ് സോൺ 2024 – 25’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഇലവുങ്കൽ വച്ച് നടക്കും. മുൻ കാലങ്ങളിൽ ശബരിമലയിലേക്കുള്ള കാനന പാതകളിൽ വാഹന അപകടങ്ങളും ബ്രേക്ക് ഡൗണുകളും പതിവാകുകയും സഹായത്തിനായി തീർത്ഥാടകർ മണിക്കൂറുകളോ ദിവസങ്ങളോ വനത്തിന് നടുവിൽ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തതോടെയാണ് 24 മണിക്കൂർ പട്രോളിംഗും പ്രഥമ ശുശ്രൂഷ, എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടേയും ബ്രേക്ക് ഡൗൺ അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുത്തി ‘സേഫ് സോൺ’ എന്ന ആശയം നടപ്പിലാക്കിയത്.
തുടക്കത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചും പിന്നീട് വടശ്ശേരിക്കരയിലും അടുത്ത വർഷം മുതൽ ഇലവുങ്കൽ കേന്ദ്രീകരിച്ചും സേഫ് സോൺ പദ്ധതി പ്രാവർത്തികമാക്കി. പത്തനംതിട്ട – പമ്പ, എരുമേലി – പമ്പ, കുമളി – പമ്പ എന്നീ റൂട്ടുകളിൽ 24 മണിക്കൂറും പട്രോളിംഗും ഇലവുങ്കൽ മെയിൻ കൺട്രോൾ റൂമും, എരുമേലി, കുട്ടിക്കാനം ഇവിടങ്ങളിൽ സബ് കണ്ട്രോൾ റൂമുകളും പ്രവർത്തിക്കുന്നു.
ഈ റൂട്ടുകളിൽ ഓരോ കിലോമീറ്റർ അകലത്തിൽ ദിശ സൂചകങ്ങൾ ഹെൽപ് ലൈൻ നമ്പറോടുകൂടി സ്ഥാപിക്കുന്നു. ഇത് കാനന മേഖലകളിൽ അയ്യപ്പഭക്തർക്ക് അവരുടെ സ്ഥലം വളരെ വേഗം കൺട്രോൾ റൂമിൽ അറിയിക്കാൻ ഉപകാരപ്പെടും. അയ്യപ്പ ഭക്തർക്ക് വേണ്ടുന്ന മിക്കവാറും എല്ലാ സേവനങ്ങളും സേഫ് സോണിനു വേണ്ടി മറ്റു ഡിപ്പാർട്ടുമെന്റുകളായ ഫയർ ഫോഴ്‌സ്, പൊലീസ്, വനം, ആരോഗ്യം എന്നിവയുടെ സഹകരണത്തോടെ നൽകുവാൻ കഴിയുന്നുണ്ട്.
ബ്രേക്ക് ഡൗൺ അസിസ്റ്റൻസ്, റിക്കവറി, പ്രഥമശുശ്രൂഷ, എന്നീ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുവാൻ കഴിയുന്നുണ്ട്. ഈ പരിശ്രമങ്ങളിലൂടെ കാനന പാതയിലെ വാഹന അപകടവും അതുമൂലമുള്ള മരണവും കുറക്കുവാനും ഇല്ലാതാക്കുവാനും ‘സേഫ് സോൺ’ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് ഹൈക്കോടതിയും നേരത്തെ മോട്ടോർ വാഹന വകുപ്പിനെ അഭിനന്ദിച്ചിരുന്നു.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 9400044991, 9562318181