പാട്‌ന: ബിഹാറിലെ ബക്‌സറിൽ ഹിന്ദുക്കളെ കൂട്ടമായി മതപരിവർത്തനത്തിന് വിധേയരാക്കാൻ ശ്രമിച്ച സംഭവത്തിൽ കേസ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 60ഓളം പേരെയാണ് മൂന്ന് പാസ്റ്റർമാർ ചേർന്ന് മതം മാറ്റിയത്. സ്ത്രീകളോട് ഗംഗയിൽ മുങ്ങിനിവരാൻ ആജ്ഞാപിച്ച ശേഷം അവരുടെ നെറുകയിലുള്ള സിന്ദൂരം തുടച്ചുനീക്കുകയും, ശേഷം തലയിൽ കുരിശ് വച്ച് പ്രാർത്ഥിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് പാസ്റ്റർമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പാസ്റ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മതം മാറാൻ എത്തിയവർ ബൈബിൾ വായിച്ച് അതിൽ ആകൃഷ്ടരായി സ്വയം എത്തിയതാണെന്നാണ് പാസ്റ്റർമാരുടെ അവകാശവാദം. അറസ്റ്റിലായവരിൽ രാജു റാം മസിബ്, രഞ്ജൻ റാം എന്നിവർ ബിഹാറിൽ നിന്നും, മൂന്നാമത്തെ ആളായ സാമുവൽ തമിഴ് വംശജനുമാണ്.
ആളുകൾ തന്റെ അടുക്കലേക്ക് സ്വമേധയാ വരുന്നതാണെന്നും, അവരുടെ അസുഖങ്ങൾ മാറ്റി നൽകുന്നതിൽ തനിക്ക് കൂടി വലിയ പങ്ക് ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ” എന്റെ അടുക്കൽ എത്തുന്നവരോട് ഞാൻ മരുന്നുകൾ കഴിക്കാൻ ആവശ്യപ്പെടും. എന്നിട്ട് യേശുവിനോട് പ്രാർത്ഥിക്കും. എല്ലാ ദുരിതങ്ങളിൽ നിന്നും ആശ്വാസം ലഭിച്ചവർ മതം മാറണമെന്ന് ആവശ്യപ്പെട്ട് എന്റെ അടുക്കലെത്തും. അവരെ ഞാൻ ബൈബിളിനെ കുറിച്ച് പഠിപ്പിക്കും. സ്വമേധയാ ഇവിടെ എത്തിയവരാണ് എല്ലാവരുമെന്നും” ഇയാൾ അവകാശപ്പെടുന്നു.
അതേസമയം പാസ്റ്ററിന്റെ അടുക്കൽ എത്തിയവരെല്ലാം ഒരു ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മതം മാറ്റുന്നതിന് വേണ്ടിയാണ് അവരെ ഗംഗാഘട്ടിൽ എത്തിച്ചത്. മതപരിവർത്തന നിരോധന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, പ്രാദേശിക ഭരണകൂടം ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സിമ്രി സ്റ്റേഷൻ ഹൗസ് ഓഫീസർ കമൽ നയൻ പാണ്ഡെ പറഞ്ഞു.















