ബെംഗളൂരു : വിദേശത്ത് നിന്ന് അനധികൃതമായി കടത്തിയ ജീവികളെ ബെംഗളൂരു കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഒരു ട്രോളി ബാഗിൽ 40 പെട്ടികളിലായി വലിയ ആമ, നക്ഷത്ര ആമ, ചുവന്ന കാലുള്ള ആമ, പല്ലി, ചുവന്ന എലി എന്നിവയാണ് ഉണ്ടായിരുന്നത്. ജീവികളെ കൊണ്ടുവന്ന രണ്ടുപേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പെട്ടിയിൽ ജീവികളെ കണ്ടെത്തിയത്. ക്വാലാലംപൂരിൽ നിന്നുള്ള എംഎച്ച്ഒ192 വിമാനത്തിലാണ് ജീവികളെ അനധികൃതമായി കൊണ്ടുവന്നത്. നിലവിൽ അനധികൃത വന്യജീവി കടത്തൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ക്വാലാലംപൂരിൽ നിന്ന് കെംപഗൗഡ എയർപോർട്ടിലേക്ക് വന്നവരിൽ അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച ഒരാളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഒന്നര കിലോ സ്വർണം ഇയാളിൽ നിന്ന് പിടികൂടി.















