ഹൈദരാബാദ്: ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ലോക്മന്ഥൻ 2024ന് ഭാഗ്യനഗർ വേദിയാകും. 21 മുതൽ 24 വരെ ഭാരതീയ നാടൻ കലകളുടെയും നാട്ടറിവുകളുടെയും സംഗമവേദിയായി ലോക്മന്ഥൻ മാറും. ലോകമെമ്പാടുമുള്ള പുരാതന ഗോത്രപാരമ്പര്യങ്ങളുടെ പിന്മുറക്കാർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
21ന് മുൻ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു സാംസ്‌കാരിക പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്യും. രാഷ്‌ട്രപതി ദ്രൗപദി മുർമു ലോക്മന്ഥൻ ഉദ്ഘാടനം ചെയ്യും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ചടങ്ങിൽ പ്രസംഗിക്കും. 24ന് ചേരുന്ന സമാപന പൊതുപരിപാടിയിൽ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, സാംസ്‌കാരികമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
സാംസ്‌കാരിക മഹോത്സവം എന്നതിനപ്പുറം ഭാരതീയ ദർശനത്തെക്കുറിച്ചുള്ള വൈചാരിക മഥനത്തിന് ലോക്മന്ഥൻ വേദിയാകുമെന്ന് ജെ. നന്ദകുമാർ വിശദീകരിച്ചു. ആഗോള പാരമ്പര്യങ്ങളുടെ അത്യപൂർവ സംഗമത്തിന് ഇത് അവസരമൊരുക്കും. നാടോടിപാരമ്പര്യങ്ങളുടെ സമഗ്രമായ അവലോകനത്തിലൂടെ വിചാരം, വ്യവഹാരം, വ്യവസ്ഥ എന്നിവയുടെ ചിന്തയും ചർച്ചയും ഈ വേദിയിൽ നടക്കും, 1500ൽ അധികം നാടോടി കലാകാരന്മാർ ലോക്മന്ഥനിൽ അവരുടെ പ്രതിഭകൾ അവതരിപ്പിക്കും. 2,500ലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രതിദിനം ഒരു ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായും നന്ദകുമാർ പറഞ്ഞു.