ശരണവിളികളോടെ അയ്യപ്പഭക്തർ ഇന്ന് മുതൽ സന്നിധാനത്തേക്ക് എത്തുകയാണ്. വ്രതവിശുദ്ധിയോടെ മണ്ഡലകാല തീർത്ഥാടനത്തിനോടനുബന്ധിച്ച് ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന സ്വാമിമാർ. സത്യമായ പൊന്നു പതിനെട്ടാംപടി ചവിട്ടി ഹരിഹരസുതനെ ദർശിക്കണമെന്നതാണ് ഓരോ ഭക്തന്റെയും പരമപ്രധാനമായ ലക്ഷ്യം. തത്വമസിയുടെ ശ്രീകോവിലിന് തുല്യമായ സ്ഥാനമാണ് ഭക്തമനസുകളിൽ പതിനെട്ടാംപടിക്കുള്ളത്.
അയ്യപ്പ സന്നിധിയിലെത്താനായി പതിനെട്ടാംപടി ചവിട്ടണം. പതിനെട്ടാംപടി ദിവ്യമാണ്. ആദ്യത്തെ അഞ്ച് പടികൾ ഇന്ദ്രിയാനുഭവങ്ങളെയും തുടർന്നുള്ള എട്ടെണ്ണം എട്ട് രാഗങ്ങളെയും പിന്നീടുള്ള മൂന്ന് ഗുണങ്ങളെയും 17-ാം പടി അവിദ്യയെയും 18-ാം പടി വിദ്യയെയും സൂചിപ്പിക്കുന്നു. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടിയെന്നും വിശ്വാസമുണ്ട്. പൊന്നമ്പലമേട്, ഗൗഡൻമല, നാഗമല, സുന്ദരമല, ചുറ്റമ്പലമല, ഖൽഗിമല, മാതംഗമല,മൈലാട്ടുപേട്ട, ശ്രീപാദമല, ദേവർമല, നിലയ്‌ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്ന വിശ്വാസവുമുണ്ട്. ആത്മാവിന്റെ പാപം കളഞ്ഞാണ് സത്യസ്വരൂപന്റെ സന്നിധിയിലേക്ക് പതിനെട്ടാംപടി ചവിട്ടുന്നത്.
ഏകദേശം നാലാൾ ഉയരത്തിൽ ചുറ്റും കരിങ്കല്ല് കെട്ടി ഉയർത്തി ചതുാകാരമായിട്ടാണ് പതിനെട്ടാംപടിക്കകം നിർമിച്ചിരിക്കുന്നത്. 25 സെൻ്റിമീറ്ററോളം മാത്രമാണ് ഇതിനകത്തെ വിസ്തീർണം. ശ്രീകോവിൽ, നാലമ്പലം, മടപ്പള്ളി, ഗണപതി കോവിൽ, നാഗനട തുടങ്ങിയ ക്ഷേത്രഭാഗങ്ങളെല്ലാം തന്നെ ഇവിടെയുണ്ട്.