മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി തകർത്ത് അഭിനയിച്ച സിനിമയാണ് വല്ല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ വല്ല്യേട്ടൻ ഇന്ന് റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തെത്തിയത്. 4 K മികവിലുള്ള ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിൽ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. മാറ്റിനീ നൗ എന്ന ചാനലിൽ റിലീസ് ചെയ്ത ട്രെയിലറിന് താഴെയാണ് ട്രോളന്മാരുടെ ആഘോഷം. സിനിമ സ്ഥിരമായി പ്രദർശിപ്പിക്കുന്ന ടെലിവിഷൻ ചാനലുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകൾ ഇറങ്ങുന്നത്.
‘വർഷത്തിൽ 365 ദിവസവും കൈരളി ടിവിയിൽ വരുന്നത് കൊണ്ട് സിനിമയിലെ ഡയലോഗുകളെല്ലാം കാണാപാഠമാണ്, ഇനി നമ്മൾ എന്തു സെയ്യും മല്ലയാ, കൈരളിയുടെ തുറുപ്പ് ചീട്ട്, അങ്ങനെ കൈരളി ചാനലിൽ നിന്നും മോചനം നേടി വല്ല്യേട്ടൻ വരുന്നു, കൈരളി ടിവി ഏറ്റവും കൂടുതൽ സംപ്രേഷണം ചെയ്ത സിനിമ, എന്ന് ടിവി വച്ചാലും അതിലുണ്ട് പിന്നെ എന്തിനാണ് തിയേറ്ററിൽ പോയി കാണുന്നത്, കൈരളിയുടെ സ്വന്തം വല്ല്യേട്ടൻ’- എന്നിങ്ങനെ നീളുന്നു കമന്റുകൾ.
വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ബിഗ്സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് മറ്റുചിലർ. മമ്മൂട്ടിയുടെ കഥാപാത്രത്തെയും ഡയലോഗുകളെയും വർഷങ്ങൾക്കിപ്പുറവും ഓർത്തെടുക്കുകയാണ് ആരാധകർ. ‘നെറ്റിപ്പട്ടം കെട്ടിയൊരു കൊമ്പൻ അതാണ് അറക്കൽ മാധവനുണ്ണി, വല്ല്യേട്ടൻ മലയാളികൾക്ക് അന്നും ഇന്നും എന്നും പ്രിയപ്പെട്ട സിനിമയാണ്, എത്ര പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ചിത്രം, മമ്മൂക്കയുടെ ഐക്കോണിക്ക് കഥാപാത്രം’- ആരാധകർ പറയുന്നു.