ന്യൂഡൽഹി: രാജ്യത്ത് ഇരുചക്രവാഹന വിൽപനയിൽ 14.2 ശതമാനത്തിന്റെ ഉയർച്ച. ഒക്ടോബർ മാസത്തിൽ 21.64 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. മുൻവർഷം ഒക്ടോബറിൽ ഇത് 18.96 ലക്ഷം യൂണിറ്റായിരുന്നു. ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് (SIAM) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തെ മൊത്തം വാഹനവിൽപനയിലും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പാസഞ്ചർ വാഹന വിൽപന ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ മാസം 3.93 ലക്ഷം വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ദീപാവലി. ദസറ തുടങ്ങിയ ഉത്സവങ്ങൾ വാഹനങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കാൻ കാരണമായെന്ന് എസ്ഐഎഎം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു.
വാഹന രജിസ്ട്രേഷൻ ഡാറ്റയിലും ഈ ഉയർച്ച വ്യക്തമാണ്. പാസഞ്ചർ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും രജിസ്ട്രേഷനിൽ 30 ശതമാനത്തിലധികം വളർച്ചയാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. മുചക്രവാഹന വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.















